Charitable society serving the poor and needy in the community.

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി
"എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുകൊടുക്കുന്നത്." എന്ന തിരുവചനത്തിന്റെ അർത്ഥം അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന ഫ്രെഡറിക് ഓസ്സാനവും അദ്ദേഹത്തിന്റെ 6 സുഹൃത്തുക്കളും ചേർന്ന് 1833-ൽ പാരീസിൽ സ്ഥാപിച്ച കത്തോലിക്ക അല്മായ സംഘടനയാണ് വിശുദ്ധ വിൻസെന്റ് ഡി പോൾ സൊസൈറ്റി. യേശുനാഥന് ഏറ്റവും പ്രിയങ്കരമായ, സമൂഹത്തിലെ ദുർബലരും, അവഗണിക്കപ്പെട്ടവരുമായ ആളുകൾക്ക് ക്രിസ്തീയ സ്നേഹവും, പരിഗണനയും ലഭ്യമാക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന പ്രവർത്തനം.
ഈ സംഘടന 20-08-1972-ൽ തിരുവനന്തപുരത്തിന്റെ അതിരൂപതയിൽ സ്ഥാപിതമായി. തുടർന്ന് രൂപതയിലെ ഓരോ ഇടവകകളിലും കോൺഫ്രൻസുകൾ അതാതു ഇടവക മധ്യസ്ഥരുടെ പേരിൽ ആരംഭിച്ചു. പുതിയതുറ ഇടവകയിൽ അന്നത്തെ സെൻട്രൽ കൗൺസിൽ പ്രസിഡന്റായിരുന്ന ശ്രീ. ജെ.സി. മൊറായീസിന്റെ നേതൃത്വത്തിൽ സി.സി. ബോർഡ് അംഗങ്ങളായ ബ്രദർ. ജി.ആർ. തൂത്തൂരും, ബ്രദർ. ഒലിവർ സാറുമയി വന്ന് 1974 സെപ്റ്റംബർ മാസം 15-ാം തീയതി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട പാട്രിക് ഡി. ക്രൂസ് അച്ചന്റെയും ലൂർദ്ദിപുരം ഇടവക വികാരിയായിരുന്ന ചിന്നപ്പൻ അച്ചന്റെയും സാന്നിധ്യത്തിൽ സെന്റ് നിക്കോളാസ് കോൺഫ്രൻസ് എന്ന പേരിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സ്ഥാപിതമായി. ആദ്യ പ്രസിഡന്റായി ബ്രദർ. എം.പി. മര്യാസിനെയും, വൈസ് പ്രസിഡന്റായി ബ്രദർ. ഫ്രഡറിക് മൊറായീസിനെയും, സെക്രട്ടറിയായി ബ്രദർ. ജെ. ജോസഫിനെയും ട്രഷറർ ആയി ബ്രദർ. വി. ശിലുവ സാറിനെയും തിരഞ്ഞെടുത്തു പ്രവർത്തനം ആരംഭിച്ചു. ഈ കോൺഫ്രൻസിന് 11-07-1983-ൽ പാരീസിൽ നിന്നും അഗ്രിഗേഷൻ ലഭിച്ചു. അതിനുശേഷം 3 മാസം കൂടുമ്പോൾ 2750, 3000 രൂപ ക്രമത്തിൽ ടിനേജ് ഗ്രാന്റ് ലഭിച്ചു തുടങ്ങി. കോൺഫ്രൻസിന്റെ പ്രവർത്തനത്തിന്റെ ഫലമായി അംഗങ്ങളുടെ എണ്ണം വർദ്ധിച്ചു വന്നു. പിന്നെ വനിതകൾക്കുവേണ്ടി "സെന്റ് ജോസഫ് വനിതാ കോൺഫ്രൻസും", യുവജനങ്ങൾക്കുവേണ്ടി സെന്റ് ജോർജ്ജ് യൂത്ത് കോൺഫ്രൻസും സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു. ഈ കോൺഫ്രൻസുകളിലെ പ്രവർത്തകരിൽ ചിലർ വിദേശത്തു ജോലിക്കുപോയി ദുബായിൽ സെന്റ് നിക്കോളാസ് കോൺഫ്രൻസ് എന്ന പേരിൽ ഒരു കോൺഫ്രൻസ് കൂടി സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു.
ഇടവക സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് വേണ്ടി ചികിത്സ, വിവാഹം, പാർപ്പിടം, ദത്തു കുടുംബ സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ സംഘടന നടത്തിവരുന്നു.
സ്പർശം 2025
Diamond Jubilee Souvenir 1951-2025