A Marian apostolic association serving the parish with devotion to Our Lady.

ലീജിയൻ ഓഫ് മേരി
ആവേ മരിയ
“ചന്ദ്രനെ പോലെ അഴകുള്ളവളും, സൂര്യനെപ്പോലെ ശോഭയുള്ളവളുമായ ഇവൾ ആരാകുന്നു”
ലോകത്തിനും അതിന്റെ നശീകരണ ശക്തികൾക്കും എതിരായി തിരുസഭ നിരന്തരം നടത്തുന്ന ആത്മീയ സമരത്തിൽ സൈനിക സേവനം ചെയ്യുവാൻ സ്വയം സമർപ്പിതരായ കത്തോലിക്കരുടെ ഒരു സംഘടനയാണ് “ലീജിയൻ ഓഫ് മേരി” അതായത് “മരിയൻ സൈന്യം.”
1921 സെപ്റ്റംബർ ഏഴാം തിയതി ദിവ്യനാമയുടെ ജനന തിരുനാളിന്റെ തലേനാൾ സായാഹ്നത്തിൽ അയർലൻഡിൽ ഉള്ള ഡബ്ലിൻ നഗരത്തിലെ മീരാ മന്ദിരത്തിൽ വെച്ച് ബ്രദർ ഫ്രാങ്ക് ഡഫും 15 സ്ത്രീകളും ഒരു വൈദികനും ചേർന്നാണ് ഇതിന് രൂപം കൊടുത്തത്. ഈ സൈന്യം 1953 ൽ തിരുവനന്തപുരം രൂപതയിൽപ്പെട്ട പാങ്ങോട് കർമ്മലീത്ത ആശ്രമത്തിൽ “കർമ്മല മാതാ” എന്ന പേരിൽ ആദ്യപ്രസീഡിയം സ്ഥാപിക്കപ്പെട്ടു. തുടർന്ന് പാളയം ഭദ്രാസന ദേവാലയത്തിലും അതിരൂപതയിലെ വിവിധ ഇടവകകളിലുമായി 11 പ്രസീഡിയങ്ങൾ സ്ഥാപിക്കപ്പെട്ടു. 1956 ൽ പാളയം കേന്ദ്രീകരിച്ച് ഒരു കൂരിയ രൂപംകൊണ്ടു. 1957 പാളയം കൂരിയ കൊമ്മീസിയമായി ഉയർത്തപ്പെട്ടു. മരിയൻ സൈന്യം രൂപതയിൽ തീരപ്രദേശങ്ങളിലും ഉൾനാടുകളിലും സ്ഥാപിക്കപ്പെടുമ്പോൾ 1979ൽ പരേതനായ പോൾ കുരിശികലച്ചന്റെ താൽപര്യപ്രകാരം പുതിയതുറയിൽ നിത്യസഹായമാതാ എന്ന പേരിൽ പ്രഥമ പ്രസീഡിയം സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ പ്രസിഡന്റായി ജോമ്മ, വൈസ് പ്രസിഡന്റ് ലൈസ, സെക്രട്ടറി ഫ്രാൻസിസ്‌ക, കാഷ്യർ മരിയ എന്നിവർ ഭാരവാഹികളായി നിയമിതനായി.
പ്രവർത്തനം:
നന്മയ്ക്ക് ഉപകരിക്കുന്ന സാമൂഹിക സേവനവും ആരാധനയ്ക്ക് ഉപകരിക്കുന്നതുമായ ഏത് ജോലിയും രൂപത അധ്യക്ഷന്റെയോ വികാരിയച്ചന്റെയോ നിർദ്ദേശം അനുസരിച്ച് ലീജിയൻ അംഗങ്ങൾ ചെയ്യേണ്ടതാണ്. അത്മായ പ്രേക്ഷിതത്വമാണ് ലീജിയന്റെ മുഖ്യ പ്രവർത്തനം. അതിനുള്ള മാർഗ്ഗമാണ് പ്രാർത്ഥന, സേവനം, ആതുര ശുശ്രൂഷ, രോഗി സന്ദർശനം, ഭവന സന്ദർശനം, ആതുരാലയ സന്ദർശനം, അശരണർക്കും, ആലംബഹീനർക്കും അഭയം നൽകുക, കൂദാശകളിൽ നിന്ന് അകന്നിരിക്കുന്നവരെ പാപസങ്കീർത്തനത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനും ഒരുക്കുക. ലീജിയന്റെ പ്രാർത്ഥനകളിൽ മുഖ്യസ്ഥാനം ജപമാലയ്ക്കാണ്. കൂടാതെ സൈനിക ജപശൃംഖല (കർത്താവിനെ മഹത്വപ്പെടുത്തി മറിയം പാടിയ ഗീതം) അനുദിനം ചൊല്ലുന്നത് പ്രധാനപ്പെട്ട കടമയാണ്.
ലീജിയന്റെ ലക്ഷ്യം:
സർപ്പത്തിന്റെ തലയെ തകർത്ത് ക്രിസ്തുവിന്റെ വാഴ്ചയെ പ്രോത്സാഹിപ്പിക്കുക എന്ന മരിയത്തിന്റെയും സഭയുടെയും പ്രവർത്തനത്തിൽ വൈദികമാർഗ്ഗ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചും പ്രാർത്ഥിച്ചും അംഗങ്ങളുടെ വിശുദ്ധീകരണം സാധിക്കുക. അവൾ വഴിയായി മറ്റുള്ളവരെയും വിശുദ്ധിയിലേക്ക് ആനയിക്കുക.
ഉപസംഹാരം:
പുതിയതുറ ഇടവകയിൽ ലീജിയൻ അംഗങ്ങൾ ഇടവക പ്രവർത്തനത്തിലും തിരുകർമ്മങ്ങളിലും സജീവമായി പങ്കെടുക്കുന്നു. ഇടവകയോടൊപ്പം നിന്നുകൊണ്ട് സംഘടനയെ വളർത്താൻ പരമാവധി ശ്രമിക്കുന്നു. ഇപ്പോൾ ഇടവകയിൽ പുരുഷന്മാരുടെ ഒരു പ്രസീഡിയവും സ്ത്രീകളുടെ 5 പ്രസീഡിയവും കുട്ടികൾക്കായി ഒരു ജൂനിയർ പ്രസീഡിയവുമായി 7 പ്രസീഡിയങ്ങൾ പ്രവർത്തിച്ചു വരുന്നു. ഇത്രയും നല്ല രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കുന്ന പരിശുദ്ധ അമ്മയ്ക്കും ഇടവകയിലെ വൈദികർക്കും, ഇടവക കൗൺസിൽ അംഗങ്ങൾക്കും ഇടവക അംഗങ്ങൾക്കും നന്ദി അർപ്പിക്കുന്നു.
ആവേ മരിയ