Association dedicated to St. Joseph and his intercession for families.

വി. ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാൾ വജ്ര ജൂബിലി നിറവിലായിരിക്കുമ്പോൾ ഇടവകയിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന വി. യൗസേപ്പിതാ സഭയുടെ ആവിർഭാവത്തെക്കുറിച്ചൊരു വിഹഗവീക്ഷണം.
നാട്ടിലെ മിടുക്കരായ മീൻപിടുത്തക്കാരിലൊരാളായ തമ്പിയെന്ന് വിളിപ്പേരുള്ള അലക്സാണ്ടർ നിക്കോളാസിന് ഒരു ദിവസം നടുവ് വെട്ടിയിട്ടുപോലെ, ഒന്ന് തിരിയാൻ പോലുമാകാത്തവിധം കിടപ്പിലാകുന്നു. വി. യൗസേപ്പിതാവിന്റെ ഭക്തനായ തമ്പി വിശുദ്ധനെ മനസ്സിൽ ധ്യാനിച്ച് സൗഖ്യത്തിനായിക്കേഴുന്നു. കാര്യമായ ചികിത്സ നടത്താതെ തന്നെ സിദ്ധിച്ചതെന്നപോലെ വേഗത്തിൽ സൗഖ്യം പ്രാപിച്ച തമ്പി സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവെയ്ക്കുകയും അവരുമായി ഇടവക വികാരിയച്ചനെക്കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ബഹു. അനീഷ് ഫർണാണ്ടസച്ചന്റെ ആശീർവാദത്തോടെ മർസലിൻ ജോസഫ് പ്രസിഡന്റായി 22 അംഗങ്ങളുമായി 2009 നവംബറിൽ സഭ ഔദ്യോഗികമായി നിലവിൽ വന്നു. 2011-ൽ ബഹു. ജോസഫ് പ്രസാദച്ചൻ അച്ചന്റെ സമയത്താണ് തിരുന്നാൾ ആഘോഷിക്കാൻ പാകത്തിന് സഭ രൂപം പ്രാപിച്ചതും ആദ്യ തിരുന്നാൾ മാർച്ച് 17, 18, 19 തീയതികളിൽ ആഘോഷിച്ചു തുടങ്ങിയതും.
തിരുന്നാൾ ആഘോഷങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു. അഭിവന്ദ്യപിതാക്കന്മാരാണ് ദിവ്യബലി അർപ്പിക്കാനായി എത്തുന്നത്. വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള തേരൊടുപ്പും ഏകദേശം 6000 പേർക്കൊരുക്കുന്ന നേർച്ച ഭക്ഷണവും തിരുന്നാളിന്റെ മാറ്റ് കൂട്ടുന്നു.
വെള്ള ഷർട്ടും മുണ്ടിനുമൊപ്പം വിശുദ്ധ രൂപം ആലേഖനം ചെയ്ത റോസ് റിബണും ചേർന്നതാണ് സഭാ വസ്ത്രം. ഇടവകയിലെ തിരുന്നാളുകളോടനുബന്ധിച്ച് നടത്തപ്പെടുന്ന ചപ്ര പ്രദക്ഷിണങ്ങൾക്കും ബഹുമാനപ്പെട്ട വികാരിയച്ചൻ ആവശ്യപ്പെടുന്ന വിശേഷാവസരങ്ങളിലും സഭാംഗങ്ങൾ സഭാവസ്ത്രം ധരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു വരുന്നു.
യൗസേഫ് പിതാ സഭാംഗങ്ങൾ മാസവരി സംഖ്യയായി നൽകിവരുന്ന 100 രൂപയും ഇടവക മക്കൾ നൽകുന്ന നിർലോഭമായ സഹായങ്ങളുമാണ് സഭയുടെ സാമ്പത്തിക സ്രോതസ്സ്. സഭാംഗങ്ങളിൽ ബഹുഭൂരിപക്ഷവും മീൻപിടുത്തക്കാരാണ്. ദേവാലയവും പരിസരവും വൃത്തിയാക്കുന്നതും ശനിയാഴ്ച സന്ധ്യാ സമയം ഭവനങ്ങളിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നതും ദൗത്യമായി സഭാംഗങ്ങൾ ചെയ്തു വരുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്മാർ ആവശ്യപ്പെടുന്ന അവസരങ്ങളിൽ സഭാംഗങ്ങൾ അവരുടെ സേവനങ്ങൾ നൽകിവരുന്നു.
അതിരൂപതാമെത്രാപ്പോലീത്തയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 1 ലക്ഷം രൂപ നൽകിയതും, കോവിഡ് സമയത്ത് ഇടവക നൽകിയ ഭക്ഷ്യകിറ്റിന് 2 ലക്ഷം രൂപ നൽകിയതും, ആൻഡ്രൂസ് കോസ്മോസച്ചന്റെ കാലത്ത് ഇടവക നേതൃത്വം കൊടുത്ത ഭവനനിർമ്മാണ സംരംഭത്തിന് 1.25 ലക്ഷം രൂപ നൽകിയതും, സ്കൂൾ കമ്പ്യൂട്ടർ ലാബിനായി 25,000/- രൂപ നൽകിയതും, ഭവന രഹിതരും വൈദികവിദ്യാർത്ഥികളുമായ ഒരു കുടുംബത്തിലെ 2 സഹോദരങ്ങളുടെ ഭവന നിർമ്മാണ സഹായമായി 50,000/- രൂപ നൽകിയതും, അതിരൂപതാ മെത്രാപ്പോലീത്ത അർപ്പിച്ച 2024 തിരുന്നാൾ ദിവ്യബലി മധ്യേ 15 ക്യാൻസർ രോഗികൾക്ക് 75,000/- രൂപയുടെ ധനസഹായം നൽകിയതും യൗസേപ്പിതാ സഭ ചെയ്തുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തികളിൽ ചിലതുമാത്രം.