Lay Franciscan association following the spirit of St. Francis of Assisi.
ഫ്രാൻസിസ്കൻ അല്മായ സഭ (Franciscan Secular Order)
വി. ഫ്രാൻസിസ് അസ്സീസ്സിയുടെ ചൈതന്യം ഉൾക്കൊണ്ട് സഹജീവികളോട് സ്നേഹം പുലർത്തിക്കൊണ്ട് വിശുദ്ധവും, ലളിതവുമായ ഒരു ജീവിതം നയിക്കുവാനും അസ്സീസ്സിയെ മാതൃകയാക്കി പ്രവർത്തിക്കാനും താല്പര്യമുള്ളവരെ ഒന്നിപ്പിച്ചുകൊണ്ട് 24-02-2019-ൽ സ്പിരിച്വൽ അസിസ്റ്റന്റ് ഫാ. ഡിജോ പത്രോസിന്റേയും, രൂപതാ കോഡിനേറ്റർ ബ്ര. വർഗ്ഗീസിന്റേയും, പുല്ലുവിള റീജൻ മിനിസ്റ്റർ ബ്ര. ബൊൺസിയുടേയും നേതൃത്വത്തിൽ 24 അംഗങ്ങളുമായി പുതിയതുറയിൽ ഫ്രാൻസിസ്‌കൻ സഭ രൂപംകൊണ്ടു. ഫ്രാൻസിസ്‌കൻ സഭയിലെ ആദ്യ അല്മായനായ വി. ലൂക്കേഷ്യെയുടെ നാമം ദാത്യത്വത്തിനു നൽകി. ആദ്യ മിനിസ്റ്റർ ബ്ര. സെൽവരാജും, വൈസ് മിനിസ്റ്റർ ആയി ബ്ര. ബെഞ്ചമിൻ നിക്കോളാസും നിയമിതരായി. അംഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്നു. 2019 സെപ്റ്റംബർ മാസം 15-ാം തീയതി പുതിയതുറ ദേവാലയത്തിൽ വച്ച് രാവിലെ 6.30-ന് അർപ്പിച്ച ദിവ്യബലിയിൽ ബഹുമാനപ്പെട്ട സ്പിരിച്വൽ അസിസ്റ്റന്റ് ഫാ. ഡിജോ പത്രോസ് മുഖ്യകാർമ്മികത്വംവഹിച്ച് 31 അംഗങ്ങൾക്ക് ബലിമധ്യേ ഫ്രാൻസിസ്‌കൻ സഭയുടെ ഔദ്യോഗിക വസ്ത്രം നൽകുകയുണ്ടായി. ആഗോള സഭയ്ക്ക് അനേകം വിശുദ്ധരെ സമ്മാനിച്ച ഫ്രാൻസിസ്‌കൻ മൂന്നാം സഭ പുതിയതുറയിൽ ഇടവകയോട് ചേർന്ന് പ്രവർത്തിച്ചു വരുന്നു. മാസത്തിലെ രണ്ടാം ഞായറും, നാലാം ഞായറും 3.30-ന് സഭായോഗം നടന്നുവരുന്നു. സഭാപിതാവായ വി. ഫ്രാൻസിസ് അസ്സീസ്സിയുടെ തിരുനാൾ ഒക്ടോബർ 4-ാം തീയതി വിശുദ്ധന്റെ ആഗ്രഹം പോലെ വളരെ ലളിതമായി ആഘോഷിച്ചു വരുന്നു. ഈ ദാത്യത്വത്തിലെ അംഗമായ ബ്ര. എസ് ആന്റണി പുല്ലുവിള റീജണൽ വൈസ് മിനിസ്റ്ററായി സേവനം ചെയ്തു വരുന്നു. സഭാ അംഗങ്ങളുടെ മൃതസംസ്കാരവും, മരിച്ചവരുടെ ഭവനങ്ങളിലെ പ്രാർത്ഥനയും ഏറെ ശ്രദ്ധ നേടി വരുന്നു. ആഗോളസഭയിൽ എന്നപോലെ പുതിയതുറയിലെ ഫ്രാൻസിസ്‌കൻ സഭയിൽ നിന്നും വിശുദ്ധർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
