തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കടലോര ഗ്രാമമാണ് പുതിയതുറ. പരമ്പരാഗതമായി സിദ്ധിച്ച ഏകദൈവ വിശ്വാസവും ഏകീകൃത ആരാധനക്രമവും കൈമുതലായി ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച് കഴിഞ്ഞുവരുന്ന ഈ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനം ആണ്. പുറമേ നിന്ന് കാണുന്നവർക്ക് വിചിത്രം എന്ന് തോന്നുന്ന അവരുടെ ശരീരഭാഷയും സംഭാഷണ ശൈലിയും സംഘർഷഭരിതവും പ്രവചനാതീതമാവുമായ കടൽ പണിക്ക് അനുയോജ്യമായ വേഷപ്പകർച്ച അല്ലാതെ മറ്റൊന്നുമല്ല.
നാടുവാഴികൾക്ക് വേണ്ടപ്പെട്ടവർ ആയിരുന്ന ചിന്നൻ മാർത്താണ്ഡൻ എന്നീ പൗര പ്രമുഖരുടെ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശമായിരുന്നതിനാൽ ചിന്ന മാർത്താണ്ഡൻ തുറ എന്നും ഇന്ന് ചാപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ ദേവാലയം കടൽ ആക്രമണത്തിൽ തകർന്നപ്പോൾ 400 മീറ്റർ വടക്കുമാറി വലിയ പൊറ്റയിൽ എന്ന് ഭൂരേഖകളിൽ ഉള്ള സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ പള്ളി സ്ഥാപിച്ചപ്പോൾ പൊറ്റയിൽ പള്ളി എന്ന പേരിലും 1950 മുതൽ വിശുദ്ധ ഗീവർഗീസിൻ്റെ നാമധേയത്തിൽ തിരുനാൾ ആഘോഷിച്ചു തുടങ്ങിയപ്പോൾ മറ്റൊരു പ്രസിദ്ധ വിശുദ്ധ ഗീവർഗീസ് തീർത്ഥാടന കേന്ദ്രമായ ഇടത്വാ യുമായി വ്യത്യസ്തത അടയാളപ്പെടുത്താനായി കൊച്ചടത്വാ എന്നുമുള്ള വ്യത്യസ്ത പേരുകളിൽ ഇന്നും പുതിയതുറ ഇടവക അറിയപ്പെടുന്നു.

ഭാരതത്തിൻറെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസ് സേവ്യർ തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ പ്രദേശങ്ങളിൽ സുവിശേഷം പ്രസംഗിച്ച് ആയിരക്കണക്കിന് തീരദേശവാസികളെ മാനസാന്തരപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തുന്ന 1540 കളിൽ തന്നെ ഈ ഗ്രാമത്തിലും വിശ്വാസ സമൂഹം രൂപപ്പെട്ടിരുന്നതായി കരുതുന്നു. ഇക്കാലത്ത് കരിങ്കുളം ആസ്ഥാനമായി കൊച്ചുതറ, ചിന്ന മാർത്താണ്ഡൻതുറ (പുതിയതുറ), പള്ളം, പുല്ലുവിള എന്നീ സബ്സ്റ്റേഷനുകളോടെ ഒരു വികാരിയുടെ കീഴിൽ തിരു കർമ്മങ്ങൾ നടത്തി പോന്നതായും അന്ന് ഇവിടം 390 പേർ അടങ്ങിയ വിശ്വാസ സമൂഹം രൂപപ്പെട്ടിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്നുതന്നെ പുതിയതുറ ഗ്രാമത്തിന്റെ വിശ്വാസപൈതൃകം വ്യക്തമാകും. കരുംകുളത്തിനുശേഷം ഈ പ്രദേശത്ത് രണ്ടാമതായി, ഏതാണ്ട് 1800 കാലത്ത് സ്ഥാപിതമായതാണ് പുതിയതുറയിലെ പഴയ ദേവാലയം. ഈ ദേവാലയം കടൽക്ഷോഭത്തിൽ തകർന്നതോടെ ഈ സ്ഥലത്തുനിന്നും 400 മീറ്റർ വടക്ക് മാറി ഇന്ന് പള്ളി സ്ഥിതി ചെയ്യുന്ന ഉയർന്നതും മനോഹരവുമായ സ്ഥലം കണ്ടെത്തുകയായിരുന്നു. 1915 പട്ടയ നമ്പർ ആയി (വർഷവും ഇതുതന്നെ ആകാം) കന്നു കെട്ടിയ പുരയിടത്തിൽ കൊച്ചൻ നാരായണൻ മകൻ കൊച്ചൻ കേശവൻ പേരിൽ ഉണ്ടായിരുന്ന 52 സെൻറ് സ്ഥലം - സർവ്വേ നമ്പർ 163/ 2 റിസർവേ നമ്പർ 99 /2 - അന്നത്തെ ഇടവക വികാരിയായിരുന്ന അഗസ്റ്റിൽ ജോസഫ് തോട്ടക്കടവിൽ പേർക്ക് വില ആധാരമായി എഴുതി വാങ്ങിയാണ് പള്ളി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. കരിങ്കല്ലിനോടൊപ്പം കുമ്മായം, മരച്ചീനി വെള്ളം, മുട്ടയുടെ വെള്ളക്കരു, ചില പച്ചില കൂട്ടുകൾ, കരിപ്പെട്ടി എന്നിവ ചക്കിലാട്ടി പുളിപ്പിച്ച മിശ്രിതവും ആണ് ദേവാല നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. തൊഴിൽദാനം എന്നോളം മത്സ്യത്തൊഴിലാളികൾ ഊഴം വച്ച് ചക്ക് കറക്കുവാൻ എത്തുകയും സ്ത്രീകൾ മരച്ചീനി വെള്ളം എത്തിക്കുകയും ചെയ്തിരുന്നതായി പഴമക്കാർ ഓർക്കുന്നു. 1926 തന്നെ ഭാഗികമായി പൂർത്തീകരിച്ച പള്ളി കൊച്ചി രൂപത മോൺസിഞാ്ർ ഡിനോ ഡിസൂസ വെഞ്ചരിപ്പ് കർമ്മം നടത്തി. 1948 ൽ പോൾ വിക്ടർ അച്ഛൻ വികാരിയായിരുന്ന കാലത്ത് മധ്യകാല യൂറോപ്പ്യൻ ദേവാലയ കലയായ ഗോത്തിക്ക് രൂപകൽപ്പനയിൽ പള്ളിക്ക് ഇന്ന് കാണുന്ന രൂപവും ആകർഷകത്വവും നൽകി. 1949 നവംബറിൽ സെൻറ് ജോർജ് രൂപം ശ്രീ. വറീത് ബർണബാസ് എന്ന വിശ്വാസി മലേഷ്യയിൽ നിന്നും എത്തിച്ച് ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും 1951 മുതൽ സെൻ്റ് ജോർജ് തിരുനാൾ ഇവിടെ ആഘോഷിച്ചും വരുന്നു. 2000 വർഷത്തിൽ അതിരൂപത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച പുതിയതുറ യിൽ എല്ലാവർഷവും ഏപ്രിൽ അവസാന വെള്ളിയാഴ്ച കൊടിയേറി മെയ് ആദ്യ ഞായർ ദിവസം പൊന്ത്ഫിക്കൽ ദിവ്യബലിയോടെ സമാപിക്കുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന സെൻറ് ജോർജ് തിരുനാൾ 2026 ൽ 76 ആം വർഷത്തിൽ എത്തി നിൽക്കുമ്പോഴും വിശ്വാസവും ഭക്തജന തിരക്കും നാൾക്ക് നാൾ ഏറി വരുന്നു. കർഷകർക്ക് സമൃദ്ധ വിളവായും, വിദൂരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സംരക്ഷണം ഒരുക്കിയും, സർപ്പ ശല്യത്തിന് കവചമായും, പിശാച് ബാധിതർക്ക് മോചനമായും, സന്താനഭാഗ്യം ഇല്ലാത്തവർക്ക് അനുഗ്രഹമായും, അശരണർക്ക് ആശ്രയമായും അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന വിശുദ്ധന് നന്ദി സൂചകമായി ആദ്യ കാർഷിക ഉത്പന്നങ്ങൾ, ആൾരൂപങ്ങൾ, പാളയും കയറും, അമ്മത്തൊട്ടിൽ, ഇഷ്ടിക ചുമന്ന് കൊണ്ടു വലയം വയ്ക്കൽ, അടിമകെട്ട്, ഉണ്ണിയപ്പം വിതരണം എന്നിവ തനതായ അനുഷ്ഠാനങ്ങൾ ആയി വിശുദ്ധന് ഭക്തർ അർപ്പിച്ചു വരുന്നു. പെരുന്നാൾ ദിനത്തിൽ വിശുദ്ധന്റെ രൂപം തേരിൽ എഴുന്നള്ളിക്കുന്നതും ഇത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനസഞ്ചയം റോഡിലൂടെ വലിച്ചു നീങ്ങുന്നതും ഭക്ത്യാനുഭവത്തിന്റെ പാരമ്യമായി തുടർന്നുവരുന്നു.

നാല് നിലകളും മുകളിൽ ക്രിസ്തുരാജന്റെ രൂപവും അടങ്ങിയ 1975ൽ പണികഴിപ്പിച്ച കുരിശടിയും സമീപത്തായി മണിഗോപുരവും പുതിയതുറ ജംഗ്ഷനിൽ തലയുയർത്തി നിൽക്കുന്നു. അതിനടുത്തായി തന്നെ ചാപ്പലും സ്ഥിതി ചെയ്യുന്നു. രോഗികൾക്കും പ്രായാധിക്യത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഈ ചാപ്പലിൽ നടത്തുന്ന ശുശ്രൂഷകൾ വലിയൊരു അനുഗ്രഹമാണ്. കൂടാതെ 2009 ൽ പള്ളിപരിസരത്ത് പണികഴിപ്പിച്ച ലൂർദ് മാതാവിൻറെ ഗ്രോട്ടയും തീർഥാടനകേന്ദ്രം എന്ന നിലയ്ക്ക് പുതിയതുറക്ക് മാറ്റുകൂട്ടുന്നു.
നാലാം ക്ലാസ് വരെയുള്ള സെൻറ് നിക്കോളാസ് എൽപി സ്കൂളും സലേഷൻ സിസ്റ്റേഴ്സിന്റെ കീഴിൽ നടന്നുവരുന്ന സെൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളും മികച്ച നിലവാരത്തിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസത്തിലൂടെ സുവിശേഷ വൽക്കരണം എന്ന ലക്ഷ്യവുമായി 1987 മുതൽ സലേഷ്യൻ സിസ്റ്റേഴ്സ് ഓഫ് സെൻറ് ബോസ്കോ സഭയും പുതിയ സമൂഹത്തിൽ പുതിയ മനുഷ്യരെ വാർത്തെടുക്കുക എന്ന സഭാ ലക്ഷ്യവുമായി 2019 മുതൽ ഷേൺ സ്റ്റട്ട് സിസ്റ്റേഴ്സ് ഓഫ് മേരി എന്ന സന്യാസി സമൂഹവും പുതിയതുറയിൽ പ്രവർത്തിച്ചുവരുന്നു.
1927 മുതൽ 2026 വരെയുള്ള 99 വർഷ കാലയളവിൽ റവ ഫാദർ ജോർജ് കാരോട്, റവ ഫാദർ കടവ് പറമ്പിൽ, റവ ഫാദർ ഫ്രാൻസിസ് സേവിയർ, റവ ഫാദർ കേളന്തറ, റവ ഫാദർ തോട്ടുകടവിൽ, റവ ഫാദർ ട്രെിൻ്റാഡ്, റവ ഫാദർ ജോൺ വട്ടത്തറ, റവ ഫാദർ കെ രായപ്പൻ പരുത്തിയിൽ, റവ ഫാദർ പുത്തൻപുരക്കൽ, റവ ഫാദർ സിൽവസ്റ്റർ ഫെർണാണ്ടസ്, റവ ഫാദർ ലാഡിസ്ലോസ് മെൻഡസ്, റവ ഫാദർ ലോറൻസ് പോൾ, റവ ഫാദർ സേവിയർ ലീൻ, റവ ഫാദർ പാട്രിക് ഡിക്രൂസ്, റവ ഫാദർ റിച്ചാർഡ് ഡിക്രൂസ്, റവ ഫാദർ പോൾ കുരിശിങ്കൽ, റവ ഫാദർ ജോസഫ് പെരേര, റവ ഫാദർ ക്ലീറ്റസ് ഗോമസ്, റവ ഫാദർ ഫോർജിയ പീറ്റർ, റവ ഫാദർ വില്യം ലൂർദയ്യൻ, റവ ഫാദർ മാത്യു മഞ്ചലി, റവ ഫാദർ സ്റ്റീഫൻ ജോസ് മേത്തശ്ശേരി, റവ ഫാദർ സ്റ്റീഫൻ മുക്കാട്ടിൽ, റവ ഫാദർ ജി സ്റ്റീഫൻ, റവ ഫാദർ റസ്സൽ ഇഗ്നേഷ്യസ്, റവ ഫാദർ അനീഷ് ഫെർണാണ്ടസ്, റവ ഫാദർ ജോസഫ് പ്രസാദ്, റവ ഫാദർ ടോണി ഹാംലെറ്റ്, റവ ഫാദർ വിൽഫ്രഡ് മിറാൻഡ, റവ ഫാദർ ജോർജ് ഗോമസ്, റവ ഫാദർ ജോബി പയ്യപ്പിള്ളി, റവ ഫാദർ ആൻഡ്രൂസ് കോസ്മോസ്, റവ ഫാദർ ഇഗ്നാസി രാജശേഖരൻ, റവ ഫാദർ സജു റോൾഡൻ, റവ ഡോക്ടർ ഗ്ലാഡിൻ അലക്സ് എന്നിങ്ങനെ 36 വൈദികർ പുതിയതുറയിൽ സ്തുത്യർഹമാംവിധം ദൈവ ശുശ്രൂഷ ചെയ്യുകയും അവസാന പേരുകാരനായ റവ ഡോക്ടർ ഗ്ലാഡിൻ അലക്സ് ഇന്ന് ഇടവക അജപാലിന് ധർമ്മത്തിൽ തുടരുകയും ചെയ്യുന്നു.
തിരുവനന്തപുരം അതിരൂപത അഭിവന്ദ്യ മെത്രാൻ റവ ഡോക്ടർ തോമസ് നെറ്റോ പുതിയതുറ ഇടവക അംഗമാണെന്നത് ഈ നാടിനു ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്. കൂടാതെ 9 വൈദികരും 36 സന്യസ്ഥരും പുതിയതുറയിൽ നിന്നും ദൈവവിളിക്ക് പ്രത്യുത്തരം നൽകി ദൈവരാജ്യ സൃഷ്ടിയിൽ മുഴുകിയിരിക്കുന്നു. നാളെയുടെ പ്രതീക്ഷയായി പത്തിലേറെ വൈദിക വിദ്യാർത്ഥികളും പുതിയതുറക്ക് ഉണ്ട്.
പരലോകമാതാസഭ, ലൂർദ്മാതാ സഭ, അൽമായ കർമ്മലിതാസഭ, ലിജിയൻ ഓഫ് മേരി, സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രി, ജീസസ് യൂത്ത്, തിരുഹൃദയ സഭ, വിശുദ്ധ ഔസേപ്പിതാ സഭ, ഫ്രാൻസിസ് അൽമായ സഭ, കേരള കാത്തലിക് യൂത്ത് മൂവ്മെൻറ്, കരിസ്മാറ്റി ഗ്രൂപ്പ് മുതലായ ദൈവത്തെ അന്വേഷിക്കുകയും അറിയുകയും സ്നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന നിരവധിയായ ഭക്തസംഘടനകളാലും സമൃദ്ധമായ പുതിയതുറ ഇടവകയിൽ 12 വാർഡുകളിലായി 82 ബി സി സി യൂണിറ്റുകളും 2800 ഓളം കുടുംബങ്ങളും ഉണ്ട്.